Monday, June 25, 2012

വേനലോര്‍മ്മകള്‍ ,മഴയോര്‍മ്മകള്‍

വേനലും മഴയും പ്രകൃതിയില്‍ മാത്രമല്ല ,മനസ്സിലും നിറയുന്നു ...
അവ  പകര്‍ന്നു തരുന്നത്  പല ഭാവങ്ങള്‍ ..നിറങ്ങള്‍...കുഞ്ഞു വേദനകളില്‍ നിന്നും വലിയ സന്തോഷങ്ങളിലേക്കുള്ള പകര്‍ന്നാട്ടം ...
വേനലിലെ വരള്‍ച്ചയില്‍ നിന്നും മഴക്കാലത്തെ പച്ചപ്പിലേക്ക് ..



  • വേനലോര്‍മ്മകള്‍ 

1) വേനല്‍ക്കാല സൂര്യന്‍ ,കുറുമ്പ് കാട്ടുന്ന
സഹോദരനെപ്പോലെയാണ് ...
പ്രഭാതങ്ങളില്‍ ,സ്നേഹത്തിന്‍റെ കൈകളാല്‍
തഴുകുന്ന സഹോദരനെപ്പോലെ-
ഇളം കിരണങ്ങളാല്‍ തൊട്ടുരുമ്മും ...
മധ്യാഹ്നസൂര്യന്‍ ,പിണങ്ങി നില്‍ക്കും സോദരനേപ്പോലെ-
തീക്ഷ്ണമായ സാമീപ്യത്താല്‍ വിഷമിപ്പിക്കും...
സായഹ്നത്തില്‍, വിഷാദം കൊണ്ടു തുടുത്ത മുഖമോടെ-
മൃദുകിരണങ്ങളാല്‍ ചുംബനം നല്‍കി
തെല്ലിട മാറി നില്‍ക്കും...
പുതുപുലരിയില്‍ വന്നു -
വീണ്ടും കുറുമ്പ് കാട്ടുവാന്‍ ...






2) വേനലോര്‍മ്മകള്‍ക്ക് വരണ്ടുപോയ  
   മണ്ണിന്‍റെ നിറമാണ്  ...
  മഴയോര്‍മ്മയുടെ പച്ചപ്പിനെ സ്നേഹിക്കുന്ന  
  മനസ്സില്‍ നിറയുന്നത്  വേനലോര്‍മ്മ  ...
  ഇലകള്‍ കൊഴിഞ്ഞ്,മേനിയില്‍ പൂപ്പല്‍ പിടിച്ച  -
  വൃക്ഷങ്ങളിലേക്ക്  ,ശിഖരങ്ങളിലേക്ക്  -
  വിഷാദപൂര്‍വ്വം നോക്കുമ്പോള്‍ 
 വേനലോര്‍മ്മകള്‍ ,കരിയില കള്‍ മണ്ണിനെയെന്നപോല്‍
 മനസ്സിനെ മൂടിവെയ്ക്കും..
  ഒരു കാറ്റുവന്നവയെ  ചലിപ്പിക്കുമ്പോള്‍ 
  സൂര്യനേത്രത്തില്‍ നിന്നൊരു തീക്കനല-
  വയില്‍ പതിക്കും ...
 കരിയിലക്കാറ്റിനു തീപിടിക്കും ... .
  


  • മഴയോര്‍മ്മകള്‍

















1) പുലരിയിലെ  ചാറ്റല്‍മഴ കൂട്ടുകാരിയെപ്പോലെ -
  കുസൃതി കാട്ടിയും ,കൊഞ്ചിയും -
 മനസ്സിനെ കീഴടക്കും ..
മഴയ്ക്ക്  ചിലപ്പോള്‍ അമ്മമനസ്സ് ...
വരണ്ട  ചുണ്ടില്‍ വീഴുന്ന മഴത്തുള്ളിക്ക് 
മുലപ്പാലിന്‍റെ  മാധുര്യം ...
ചിലപ്പോളൊക്കെ  അച്ഛനെപ്പോലെ മഴയും-
ഗൌരവ പൂര്‍വ്വം  ഒന്ന് തലോടി -
ക്കടന്നു  പോവും ...
മറ്റു  ചിലപ്പോള്‍ സോദര സ്നേഹ കുറുമ്പ് -
കണ്ണുനീര്‍  കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലെന്ന-
ഭാവത്തോടെ പെയ്തിറങ്ങി മിഴിനീര്‍ തുടച്ചു നീക്കും ..
പരിഭവത്തോടെ  മാറി നിന്നാലും തൂവാനക്കൈകളാല്‍
ചേര്‍ത്ത്  പിടിക്കും ......








2) മഴനൂലില്‍ കൊരുത്ത പുലര്‍വെയില്‍ മുത്തുകള്‍    
   മനസ്സോടു ചേര്‍ക്കുമ്പോള്‍ -
  മഴമുകിലില്‍ കണ്ടത് 
 കൃഷ്ണരൂപം ...
 മഴപ്പാട്ടിലെങ്ങോ തെളിഞ്ഞും മറഞ്ഞും 
 വനമുരളിയിലെ ദേവഗീതം...
  അമ്മ  ചൊല്ലിത്തരും കൃഷ്ണകഥകള്‍ക്ക് 
  മഴവില്‍ വര്‍ണം....
  കണ്ണനുടച്ച പാല്‍ക്കുടങ്ങളിലെ തുള്ളികള്‍ 
   ഏറ്റുവാങ്ങി പുഴയപ്പോള്‍ 
   കൂടുതല്‍ തിളങ്ങി ..
   കൃഷ്ണകീര്‍ത്തനം കേട്ടു മയങ്ങുമ്പോള്‍ 
   മനസ്സിലും പ്രകൃതിയിലെന്ന പോലെ -
   നിര്‍ത്താതെ മഴപ്പെയ്ത്ത് ....
    

Saturday, June 2, 2012

പാപത്തറ വായിക്കുമ്പോള്‍

സ്വപ്‌നങ്ങള്‍ പലപ്പോഴും എന്നെ തേടിയെത്തുന്നു ...ഉറക്കത്തിന്‍റെയും ഉണര്‍വിന്‍റെയും ഇടക്കുള്ള നിമിഷങ്ങളില്‍ ....ചിലപ്പോള്‍ ഭയപ്പെടുത്തുന്നു,മറ്റു ചിലപ്പോള്‍ നല്ല ഓര്‍മ്മകള്‍ തരുന്നു ...അങ്ങനെ സ്വപ്നം കണ്ടുണര്‍ന്ന  ഒരു രാവില്‍ ....എന്തെങ്കിലും വായിക്കാം എന്ന് കരുതി ..കിട്ടിയത് മലയാളം പാഠപുസ്തകം ,ഗദ്യ സാഹിതി ...അതില്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒരു കഥയുണ്ട് ...സാറ ജോസഫ്‌ എഴുതിയ 'പാപത്തറ"..വായിക്കുന്തോറും മനസ്സിലെ വിങ്ങലുകള്‍ അടക്കാനാവാതെ വരും ..സമീപ കാലങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭീകരാനുഭവങ്ങളുടെ ഒരു നേര്‍കാഴ്ച ..

                                                                             "ഉഷ്ണത്തിര തള്ളുന്നൊരു പാലക്കാടന്‍ കാറ്റില്‍ ,മഞ്ഞരളിക്കാടുകള്‍ മുടിയഴിച്ചിട്ടാടിയപ്പോള്‍ ,അടിവയറ്റില്‍ ഒരു സ്വപ്നം പോലുടഞ്ഞു തകര്‍ന്ന്, ലക്ഷ്മിക്കുട്ടിക്കു പേറ്റുനോവ് ആരംഭിക്കുന്നു "....കഥ ഇങ്ങനെ തുടങ്ങുന്നു ...ദാരിദ്ര്യം നിറഞ്ഞ ജീവിതം ....പെണ്‍കുട്ടി ഉണ്ടായാല്‍ ശാപം പോലെ കാണുന്ന ആള്‍ക്കാര്‍ ...ലക്ഷ്മിക്കുട്ടി  ഒരു ദു:ഖമാണ് ...പെണ്‍കുഞ്ഞിനെ പ്രസവിച്ചിട്ട് വളര്‍ത്താന്‍ ആവാത്ത നിസ്സഹായത ....അങ്ങനെയുള്ള അമ്മമാരുടെ പ്രതിബിംബം ....ഭര്‍ത്താവും അയാളുടെ അമ്മയും പ്രസവം എടുക്കാന്‍ വരുന്ന സ്ത്രീയും പെണ്‍കുഞ്ഞുങ്ങളെ കൊല്ലാന്‍ മടിക്കാത്തവര്‍ ആകുന്നു ...ഇനിയത്തെ കുഞ്ഞിനെയെങ്കിലും അവള്‍ വളര്‍ത്തിക്കോട്ടെ എന്ന അഭിപ്രായത്തിനു ലക്ഷ്മിക്കുട്ടി യുടെ  അമ്മായി അമ്മക്ക് മറു ചോദ്യമുണ്ട് -കേട്ടിക്കാനുള്ള സ്ത്രീധനം ആരു തരും എന്നചോദ്യം ...
                                                                                                  പെണ്ണിനെ പ്രസവിക്കുന്നത് പെണ്ണിന്‍റെ മാത്രം തെറ്റാകുന്നു ...പട്ടണത്തിലെ പഠിപ്പുള്ള ഡോക്ടര്‍ പറഞ്ഞത്  കുറ്റം ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവിന്‍റെ മാത്രമാണെന്നാണ് ....പക്ഷെ ലക്ഷ്മിക്കുട്ടി ഗര്‍ഭിണിയാവുമ്പോള്‍ കൊച്ചുനാരയണന്‍റെ  അമ്മ അവളെ "പെണ്ണ് പെറണ കൊടിച്ചി "എന്ന് വിശേഷിപ്പിക്കുന്നു ....ആഭിചാരം ചെയ്യുന്നു ,കുട്ടി ആണാവാന്‍...ഈറ്റില്ലം  തടവറയാണ് അവള്‍ക്ക്...ഭര്‍ത്താവ് കംസനാകുന്നു ...അവളും പ്രാര്‍ഥിക്കുന്നു -കുറുമ്പ ഭഗവതിയോടു -കുഞ്ഞ് ആണാവാന്‍ ,അവള്‍ക്ക് കുഞ്ഞിനെ വേണം ..പ്രസവം എടുക്കാന്‍ വന്ന മുത്തുവേടത്തി പെണ്‍കുഞ്ഞാണെങ്കില്‍ കൊല്ലാന്‍ സഹായിക്കും ...ലക്ഷ്മിക്കുട്ടിയെ പേറ്റ് നോവിലേക്ക് നയിക്കുന്ന അവരുടെ ഉള്ളില്‍ ദയ ഇല്ല .ഉണ്ടാവുന്ന കുഞ്ഞ് പെണ്‍കുട്ടി ആണെങ്കില്‍  മരുന്നരച്ചു കൊടുക്കും ,വിഷമരുന്ന് ,ഇല്ലെങ്കില്‍ അമ്മയുടെ മുലക്കണ്ണ്‍ വിഷം തേച്ചതാക്കും ...കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് പാലൂട്ടുമ്പോള്‍ കുഞ്ഞി വായില്‍ നിന്നും ചോരയും പതയും ...മരിച്ച കുഞ്ഞിനെ മടിയില്‍ പേറുന്നവള്‍ ലക്ഷ്മിക്കുട്ടി ആവുന്നു ...
                    കഥയിലെ ഓരോ വരിയും മനസ്സില്‍ പതിയും ...എന്തിനു ഇങ്ങനെയൊരു വിവേചനം നമ്മുടെ നാട്ടില്‍ ,എന്തെ ഇത്ര ക്രൂരത ...പെണ്ണെന്നു പറയുന്നത് ഒരു കളിപ്പാവ മാത്രമാണോ ?തോന്നിയ പോലെ കൈകാര്യം ചെയ്യാന്‍?കഥയിലെ അവസ്ഥക്ക് ഇന്നും വലിയ മാറ്റം വന്നിട്ടില്ലല്ലോ?ലക്ഷ്മിക്കുട്ടിയുടെ അനിയത്തി തത്ത മരിച്ചതും സ്ത്രീധനത്തിന്‍റെ പ്രശ്നങ്ങള്‍ മൂലമാണ് ....ലക്ഷ്മിക്കുട്ടിയോട് പ്രസവം എടുക്കാന്‍ വന്ന സ്ത്രീ  പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്-ഇന്നും മുതിര്‍ന്ന സ്ത്രീകള്‍ പെണ്‍കുട്ടികളോട് പറയാറുള്ളത്‌ -"പെണ്ണായിപ്പെറന്നാല്‍ ദൊന്നും കൂടാണ്ട കഴിയില്ല്യാ ലച്മി പെണ്ണേയ്"....പെണ്ണ് സര്‍വംസഹയാകണം എന്നാണല്ലോ പറഞ്ഞു പഠിപ്പിക്കുന്നത് ...ഒപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരു നിര്‍വചനം കൂടിയുണ്ട് ,മറ്റുള്ളവരുടെ ഇഷ്ടങ്ങല്‍ക്കനുസരിച്ചു ,ആ താളത്തിന് അനുസരിച്ച് ജീവിക്കണം ,സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറക്കണം .....കുഞ്ഞുങ്ങള്‍ പലപ്പോഴായി കൊല്ലപ്പെട്ട അമ്മയുടെ അവസ്ഥ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി ഇങ്ങനെ വിവരിക്കുന്നു ..."ഓണ നിലാവുകളൊക്കെ കറുത്ത് പതയുന്ന ചോരക്കടലായി തുളുമ്പുന്നു .ചോരക്കടല്‍ തിരയടിക്കുമ്പോള്‍ തല തകര്‍ന്നു കുഞ്ഞുങ്ങള്‍ ഒഴുകി വരുന്നു ...തുടുത്ത കുഞ്ഞിതുടകള്‍ക്കിടയിലെ പൊന്നാലില പോലെ പെണ്ണത്തം പേറുന്ന കുഞ്ഞുങ്ങള്‍ ...ലക്ഷ്മിക്കുട്ടി വാരിയെടുക്കുമ്പോള്‍ ,തുടുത്ത കുഞ്ഞിതുടകള്‍ക്കിടയിലെ പൊന്നാലിലകളില്‍ നൂറു നൂറ് മുത്തമിടുമ്പോള്‍....കൈവിരലുകള്‍ക്കിടയിലൂടെ തണുത്ത ചോരക്കട്ടകളായി അലിഞ്ഞൂര്‍ന്നു പോവുന്നു ...."പെണ്‍കുഞ്ഞിനെ തീര്‍ത്തും അവഗണിക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു ...എങ്ങനെയെങ്കിലും ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തിയാല്‍ അവള്‍ക്കു ചുറ്റും കഴുകന്‍ നോട്ടങ്ങള്‍ കാണും ..കൗമാരകാലത്തിന്‍റെ മായാജാലങ്ങള്‍ തുടങ്ങുമ്പോള്‍ ,കാലത്തിന്‍റെ ചുവപ്പ് രാശി പെണ്ണുടലില്‍ പടര്‍ന്നു അവളെ മുതിര്‍ന്ന പെണ്ണായി ചിത്രീകരിക്കുമ്പോള്‍ മുതല്‍ നിയന്ത്രണം കൂടും ...ഇന്നത്തെ കാലത്ത് പക്ഷെ അങ്ങനെ പോരാ.അമ്മയുടെ ഗര്‍ഭ ജലത്തിന്‍റെ ഇളം ചൂടില്‍ നിന്നും പുറത്തേക്കു വരുമ്പോള്‍ മുതല്‍  അവളെ പറഞ്ഞു പഠിപ്പിക്കണം ,സ്വയം കാത്തു കൊള്ളാന്‍....ചിലപ്പോള്‍ സഹപാഠികളില്‍ നിന്ന്,അയല്‍ക്കാരില്‍ നിന്ന് ,അന്യരായ ആള്‍ക്കാരില്‍ നിന്ന് ,ഇനിയും ചിലപ്പോള്‍ ജന്മം നല്‍കിയവന്‍റെ,സഹോദരന്‍റെ ഒക്കെ നോട്ടങ്ങളില്‍ നിന്ന് ,കൈകളില്‍ നിന്ന്, പെണ്ണത്തം പേറുന്ന സ്വശരീരം കാക്കുവാന്‍ അവളെ പഠിപ്പിക്കണം ...ഭ്രൂണ ഹത്യ ഇന്നും തുടരുന്നില്ലേ ?പെണ്‍കുഞ്ഞുങ്ങളെ ഇന്നും കൊല്ലുന്നില്ലേ ?ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ,അടിമയെ പോലെ ജോലികള്‍ ചെയ്തു തരാനുള്ള ,തോന്നും പോലെ ഉപയോഗിച്ച് വലിച്ചെറിയാന്‍ മാത്രമാണോ സ്ത്രീ ,അവള്‍ ഒരു ബിംബം ,അല്ലെങ്കില്‍ പാവ അല്ലല്ലോ ,ജീവന്‍റെ തുടിപ്പ് അവളിലുമില്ലേ ?
                                    അടുത്ത കാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്ത- "അച്ഛന്‍ മകളെ നിലത്തടിച്ചു കൊന്നു"...കംസന്മാര്‍ ഇന്നും ജീവിക്കുന്നു ...മൃത്യുഞ്ജയം കൈവരിച്ച പിശാചുക്കള്‍ ....കുഞ്ഞിനെ കൊല്ലുന്ന ഭര്‍ത്താവിനെ ഓര്‍ത്തു ലക്ഷ്മിക്കുട്ടി പറയുന്ന വാക്കുകള്‍ -"ഇനിയത്തെ പ്രാവശ്യം കുഞ്ഞി തലച്ചോറ് കൊണ്ട് ഉപ്പേരിയുണ്ടാക്കി തീറ്റിക്കും,കൊന്നാല്‍ പാപം തിന്നാല്‍ തീരുമല്ലോ "....അമ്മയുടെ ഇടനെഞ്ച് തകര്‍ത്തു വരുന്ന വാക്കുകള്‍ ....മനസ്സില്‍ ചലനം തീര്‍ക്കുന്നു ....ഈറ്റില്ലത്തില്‍ കിടന്നു അവള്‍ നിലവിളിക്കുന്നത് പേറ്റുനോവ് സഹിക്കാന്‍ പറ്റാഞ്ഞിട്ടല്ല,നട്ടെല്ലില്‍ കൂടി പായുന്ന വേദന സഹിക്കും ,പക്ഷെ കുഞ്ഞിനെ നഷ്ടമാകുന്ന വേദന -എങ്ങനെ സഹിക്കും?

         ലക്ഷ്മിക്കുട്ടി പേറ്റിച്ചിയോട് അപേക്ഷിക്കുന്ന വാക്കുകള്‍ എല്ലാ പെണ്കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് -അവരുടെ അമ്മമാര്‍ക്ക് വേണ്ടിയാണ് -"എനിക്കീറ്റ്‌ നോവില്ല ,എന്‍റെ മകളെ ഒളിപ്പിച്ചു കടത്ത്വോ?നിലവറയുടെ വാതില്‍ തകര്‍ത്തു കംസന്‍ എത്തും മുന്‍പ് ,അടുത്ത ഉഷ്ണക്കാറ്റില്‍ മഞ്ഞരളി കാടുകള്‍ ഒന്നായി ഇളകിയാടി തിമിര്‍ക്കും മുന്‍പ്‌ ,ആഭിചാരത്തിന്‍റെ പരുത്ത കൈപ്പത്തിയുമായി കൊച്ചു നാരായണന്‍റെ  അമ്മ പറന്നെത്തും മുന്‍പ്‌ ,ഒരു കൊട്ടയിലാക്കി ,പഴന്തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു ,മഞ്ഞരളി കാടുകള്‍ നൂന്നു കടന്ന്,ചാവ്തറക്കും പാപത്തറയ്ക്കും അപ്പുറം വഴി മാറി തരാത്ത പുഴ മുറിച്ചു നീന്തി ,നരിമാന്‍ കുന്നും പുലിമടയും കയറിയിറങ്ങി ......അക്കരെയക്കരെ..... പെണ്ണു പൂക്കണ നാട്ടില്‍ എത്തിച്ചു തര്വോ ?ഈ താലീം മാലേം പൊട്ടിച്ചു തരാം "......ഇവിടെ വായനയുടെ നവ്യാനുഭവം തീരുന്നു ...പക്ഷെ അതിനു ശേഷവും മനസ്സിലെ വിങ്ങല്‍ ബാക്കിയാവുന്നു ....പെണ്‍കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്ന കൈകളില്‍ വാത്സല്യം പടരാതെ മറ്റേതോ ഭാവം പേറുന്ന പിശാചുക്കള്‍ ....കണ്ണുകളില്‍ വാത്സല്യത്തിന്‍റെ നറും നിലാവിന് പകരം മറ്റെന്തൊക്കെയോ ....അച്ഛന്‍റെയും ഏട്ടന്മാരുടെയും കരവലയം ചിലപ്പോള്‍ വാത്സല്യത്തിന്റെ അതിര് കടന്ന് കൊലക്കയര്‍ ആവുന്നു ....അമ്മമാര്‍ മുലപ്പാലിനൊപ്പം പകര്‍ന്നു കൊടുക്കേണ്ട പാഠങ്ങളില്‍ പുതുതായി പലതും ചേര്‍ക്കേണ്ടതുണ്ട് ....സ്വയം സൂക്ഷിക്കുക ,നിന്‍റെ പെണ്ണത്തം നിന്‍റെ ശത്രുവായി മാറും ചിലപ്പോള്‍ ,കരുതിയിരിക്കുക ...

                           ഇങ്ങനെ അപേക്ഷിക്കാം ,പെണ്‍കുഞ്ഞിനു വേണ്ടി ,അവളെ നശിപ്പിക്കുന്ന ക്രൂരതയോട് ......അക്കരെയക്കരെ പെണ്ണ് പൂക്കണ നാട്ടില്‍ എത്തിച്ചു തര്വോ?
                   .
                   . 
                   .
 ഈ താലീം ,മാലേം 
 പൊട്ടിച്ചു തരാം .........................


Wednesday, May 16, 2012

ഒരു പഴയ ഡയറി കുറിപ്പ്

മഴ പെയ്തു തോര്‍ന്ന മണ്ണും മനസ്സും ആഹ്ലാദത്തിന്‍റെ ഇളംവെയില്‍ തേടുന്ന സായാഹ്നത്തില്‍  മരങ്ങളുടെ തണലിലേക്ക് നടന്നു ...നിലത്ത് വീണു കിടക്കുന്ന പൂക്കളുടെ ചുവപ്പ് ആകാശത്തിലും വ്യാപിച്ചുവെന്നു തോന്നി ...ചിന്തകള്‍ മനസ്സിലെരിഞ്ഞു തീര്‍ന്നാലും ഇല്ലെങ്കിലും ഈ സായാഹ്നം എരിഞ്ഞു തീരും ...ആവര്‍ത്തനങ്ങള്‍ മൂലം വിരസമായ സംസാരങ്ങള്‍ ഈ നിമിഷം അസഹനീയമായി തീര്‍ന്നിരിക്കുന്നു ..സാന്ത്വനവുമായി അരികില്‍ വന്ന ഇളംകാറ്റിനു പറയുവാന്‍ ഉള്ളത് എന്താണെന്ന് ചോദിക്കാന്‍ മറന്നു ...ഒരു നിമിഷത്തിന്‍റെ ദൈര്‍ഖ്യം പോലുമില്ലാത്ത ചിന്തകള്‍ മനസ്സിലേക്ക് കടന്നു വരുന്നു ...മൗനം ഭയമായി മാറുന്നു ....ഓര്‍മ്മത്താളിലെ അക്ഷരങ്ങള്‍  മാഞ്ഞു പോവാതിരിക്കട്ടെ .....മധ്യാഹ്ന വെയില്‍ തെല്ല് പിണക്കത്തോടെ ചിതറി പോയപ്പോള്‍  ,മഴയുടെ തണുപ്പുണ്ടായിരുന്നിട്ടും നെറ്റിയിലെ ചന്ദനം കുളിര്‍മ നഷ്ടപ്പെട്ട് വരണ്ടു പോയിരുന്നു ..തൊടിയില്‍ നിന്നും കേട്ട് കൊണ്ടിരുന്ന കുയില്‍ പാട്ട് ഇപ്പോള്‍ കേള്‍ക്കുന്നില്ല ...മുറ്റത്ത്‌ അങ്ങിങ്ങ് തത്തി കളിച്ചിരുന്ന കരിയില കിളികളും വണ്ണാത്തി കുരുവികളും പറന്നു പോയിരിക്കുന്നു ...എല്ലാം കൂട്ടിലേക്ക് ചേക്കേറി കഴിഞ്ഞിട്ടുണ്ടാവും ...പക്ഷെ ,ഇപ്പോള്‍ മനസ്സില്‍ വിഷമം ഇല്ല ,ആശ്വാസം  മാത്രമേ ഉള്ളൂ....വിഷാദത്തിന്‍റെ മൂടുപടം നീങ്ങിയിരിക്കുന്നു ....ഈ നിമിഷം എനിക്ക് മാത്രം വേണ്ടിയാകുന്നു ...പകുതി വായിച്ചു തീര്‍ത്ത പുസ്തകത്തില്‍ ഈ പൂവ് അടയാളം വയ്ക്കാം ..പ്രിയപ്പെട്ട വരികളില്‍ സുഗന്ധം നിറയട്ടെ ..പുഴയുടെ തീരത്തേക്ക് പോവാന്‍ തോന്നുന്നു ..കുറച്ചു നേരം അച്ചന്‍കോവില്‍ ആറിന്‍റെ കരയില്‍ ,സ്വച്ഛമായി ,ഇളംകാറ്റ് തരുന്ന സുഖ സ്പര്‍ശം അറിഞ്ഞു ,അങ്ങ് ദൂരെ കാണുന്ന  അസ്തമയത്തിന്‍റെ ഭംഗിയില്‍ മുഴുകാം ...മണ്ണിനു  നല്ല തണുപ്പ് ...കുറച്ചു നേരമായി കയ്യില്‍ ഒരു ഡയറിയും പേനയുമായി ഇരിക്കുന്നു ...എഴുതാന്‍ പോലും ചിലപ്പോള്‍ മറക്കുന്നു ...വെറുതെ ചുറ്റിനും നോക്കി ...മഴ കഴിഞ്ഞതിന്‍റെ കോലാഹലം കാണാനുണ്ട് ..ഇലകളും ചുള്ളികമ്പുകളും ചിതറി കിടക്കുന്നു ..ഇടക്കൊക്കെ കുഞ്ഞു നീര്‍ച്ചാലുകള്‍ ..ഇല്ലത്തിനു ചുറ്റും കാട് പിടിച്ചു തുടങ്ങിയിട്ടുണ്ട് ...സംരക്ഷിക്കാന്‍ ആവാത്ത അവസ്ഥയില്‍ തറവാട് നശിച്ചു ..എട്ടുകെട്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് ,പിന്നീട് അത് നാലുകെട്ടായി മാറി ....വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ ,ജീര്‍ണിച്ചു ..നാലുകെട്ടിന്‍റെ പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ വേണ്ടി മാത്രം ,അസ്ഥിപഞ്ജരം പോലെ തറവാടിന്‍റെ ഒരു ഭാഗം ....തൊട്ടടുത്ത തൊടിയിലേക്ക് നോക്കിയപ്പോള്‍ ഭയം തോന്നുന്നു ...ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് അവിടെ പാമ്പുകള്‍ മാറാടുന്നത് കണ്ടത് ....
                                              പാമ്പുകളുടെ കാര്യം ഓര്‍ത്തപ്പോള്‍ ഡയറിയും പേനയും എടുത്തു പതിയെ ഇങ്ങു വന്നതാണ് ...ഇപ്പോള്‍ എന്‍റെ മുറിയിലാണ് ഇരിക്കുന്നത് ...അമ്മയുടെ വാക്കുകള്‍ കടമെടുത്താല്‍ "വന്യ ജീവി സങ്കേതം "....പക്ഷെ  ഇത് എന്‍റെ കുഞ്ഞു ലോകമാണ് ....ഞാനും എന്‍റെ ചില ചിന്തകളും (ഭ്രാന്തന്‍ ?)...കൂട്ട് കൂടുന്ന ചെറിയ ലോകം ...ഇവിടെ ഞാന്‍ മാത്രം ..,ആജ്ഞകളും അനുസരണവുമെല്ലാം ഞാന്‍ തന്നെ .......കുറെ മുന്‍പാണ് ഇവിടെ ഇരുന്നു കരഞ്ഞത് .....ആലോചിച്ചാല്‍ തന്നെ ദേഷ്യം വരുന്നു .....ഓരോ തവണത്തെ കരച്ചില് കഴിയുമ്പോളും  ഇനി കരയില്ല എന്ന തീരുമാനത്തില്‍ എത്തിച്ചേരും ....പക്ഷെ ,പിന്നത്തെ തവണ അത് മറക്കും ,കരയും ....ഇനി ഏതു കാലത്ത് നന്നാവാനാണോ എന്തോ ....താഴെ നിന്നും കുട്ടികളുടെ തിമിര്‍പ്പ് കേള്‍ക്കുന്നു ....അനിയനും കൂട്ടുകാരുമാണ് ...കളിക്കുന്നതിന്‍റെ മേളമാണ് ....സന്ധ്യയായിട്ടും കളിച്ചു തീര്‍ന്നിട്ടില്ല ....അമ്മ വിളിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി ...മുറി വിട്ടു പുറത്തിറങ്ങാന്‍ മടി തോന്നുന്നു ...അങ്ങിങ്ങ് പുസ്തകങ്ങള്‍ ചിതറി ഇട്ടിരിക്കുന്നു ....കുറച്ചു കടലാസുകള്‍ കീറിയും ചുരുട്ടിയും ഇട്ടിട്ടുണ്ട് ....അതൊക്കെ വാരി കളയണം ...പുതിയ കവിത എഴുതിയതിന്‍റെ  തെളിവുകള്‍ .....പിണക്കം വന്നപ്പോള്‍ കീറി കളഞ്ഞു ...അങ്ങനെ ആ ശ്രാദ്ധം നടന്നു ....പുതിയ കവിത മോക്ഷം നേടി .....ഇപ്പോളാ ഒരു കാര്യം ശ്രദ്ധിച്ചത് ....ശരിയായ തീയതി ഉള്ള താളിലല്ല  ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത് ....ആ ,ഇതിപ്പോ എന്‍റെ കാര്യമല്ലേ ...ഇങ്ങനൊക്കെ മതി ..പാലിക്കാത്ത മറ്റൊരു കാര്യം ,പുതു വര്‍ഷത്തില്‍ ഡയറി കയ്യില്‍ തരുമ്പോള്‍ അമ്മ പറഞ്ഞതാണ് ,ഉഴപ്പു മാറ്റി സ്ഥിരമായി എഴുതണം എന്ന് ...ഇന്നേ വരെ ആ വാക്ക് പാലിച്ചിട്ടില്ല ....മിനക്കെട്ടു എഴുതിയപ്പോള്‍ തീയതിയും മാറി എഴുതി .....ഇനിയിപ്പോ ഇങ്ങനെ ആവട്ടെ ...എഴുതിയത് തന്നെ വല്ല്യ കാര്യം ....സ്വഭാവം പോലെ തന്നെ കയ്യക്ഷരവും ....ഭംഗിയില്ലാതെ,അടുക്കും ചിട്ടയും ഇല്ലാതെ ......കണ്ടിട്ട് ഉറുമ്പുകള്‍  നിര തെറ്റി പോവുന്ന പോലെയുണ്ട് ....ആകെ പാടെ ഒരു അവലക്ഷണം ....മം ...ഞാന്‍ സ്വയം ഇങ്ങനൊക്കെ പറയുന്നത് മോശമാണ് ....ആരും നല്ലത് പറയാത്തപ്പോള്‍ ഞാന്‍ കൂടി എന്നെ കുറ്റപ്പെടുത്തുന്നത് നല്ലതല്ല ....എഴുത്ത് നിര്‍ത്താന്‍ സമയമായി ....ഇരുട്ട് നല്ല പോലെ ആയിട്ടുണ്ട് ...കുറെ നേരമായി തനിയെ....ഇനി ശരിയാവില്ല ....അമ്മയ്ക്ക് ദേഷ്യം വരും ....കുളിച്ചില്ല ,പ്രാര്‍ഥിച്ചില്ല ....തല്‍ക്കാലം എഴുതിയത് മതി .....
                                                                             ഇനിയത്തെ എഴുത്ത് ,അടുത്ത പിണക്കമോ കരച്ചിലോ വരുമ്പോള്‍ .....തത്കാലം  നിര്‍ത്തുന്നു.....(ശരിയായോ   അവസാനത്തെ വരികള്‍ ?..)ഓഹ്....ഇതൊക്കെ മതി .......എപ്പോളെങ്കിലും എഴുതാമല്ലോ ...........

                                                     ഇന്ദൂട്ടി .............

                                              

Tuesday, March 20, 2012

അമ്മ പറഞ്ഞതും ഞാന്‍ ഓര്‍ക്കാത്തതും

 പറയാന്‍ പോവുന്നത് അത്ര വല്ല്യ കാര്യമൊന്നുമല്ല ,എന്നെ പറ്റി തന്നെയാണ് ...ഈ  ഭൂമിമലയാളത്തില്‍  തിരുപിറവി  എടുത്തപ്പോള്‍ തന്നെ എല്ലാര്‍ക്കും എന്നെ പറ്റി നല്ല അഭിപ്രായം തോന്നിയതാണ് ....വാ പൂട്ടാതെ നോണ്‍ സ്റ്റോപ്പ്‌ കരച്ചില്‍ ....ഇത് പിന്നീടുള്ള  കാലങ്ങളിലും തുടര്‍ന്ന് വന്നു ....ആദ്യത്തെ സന്താനം,ഒരു  പെങ്കൊച്ച്..പാവം അമ്മ .. എന്‍റെ അഹങ്കാരം  കാരണം കുറെ ബുദ്ധിമുട്ടി ..അന്ന് അച്ഛന്‍ പൂജ ചെയ്തിരുന്നത് കോട്ടയം കിളിരൂര്‍ അമ്പലത്തിലായിരുന്നു ...അത് കൊണ്ട് എന്റെ ബാല്യകാലം ആസ്വദിക്കാന്‍ പറ്റിയതും അവിടുതുകാര്‍ക്ക് ആയിരുന്നു ....അച്ഛന്‍ അമ്പലത്തില്‍ പോവാന്‍ വെളുപ്പിനെ ഉണരും ...അന്ന് മോളൂനു പഠിക്കാന്‍ ഇല്ലാരുന്നല്ലോ ....അത് കൊണ്ട് തന്നെ വെളുപ്പിനെ ഞാനും ഉണരും ....യെസ്...അവിടെ തുടങ്ങുന്നു ഒരു ദിവസം ...ആദ്യത്തെ പണി തുടങ്ങുന്നു ....ഞാന്‍ കണ്ടു ...അമ്മ ആദ്യം പല്ല് തേച്ചു ....എന്നെ കാള്‍ മുന്‍പേ ......തുടങ്ങി കരച്ചില്‍ ....അയല്‍ക്കാര്‍ ആ സൈറണ്‍   കേട്ട് ഉണരുന്നു ...ഒരു ദിവസം എങ്ങാനും എന്റെ കരച്ചില്‍  കേട്ടില്ലെങ്കില്‍   അവര്‍ പറയും ...പ്രേമ ചേച്ചിയും ഇന്ദൂട്ടിയും അവിടില്ലെന്നാ തോന്നുന്നേ എന്ന് ....ഇനി അടുത്ത പ്രശ്നം ....അമ്മ കാപ്പി തരും ....ഞാന്‍ വല്ല്യ പുള്ളിയാണ് ...കുഞ്ഞു വിരലുകള്‍ പതിയെ കാപ്പി ഗ്ലാസ്സിലേക്ക് ഇട്ടു ചൂട് നോക്കും ....ചൂട് കുറഞ്ഞാല്‍ അപ്പം തുടങ്ങും അടുത്തത് ....ഇനി കുളിപ്പിക്കാന്‍ നിര്‍ത്തുമ്പോ അവിടേം എന്തേലും ഒപ്പിക്കും ....പാവം അമ്മ ...എല്ലാം സഹിക്കും ....ഒരു കാര്യത്തില്‍ അമ്മ സമാധാനിച്ചു ...വികൃതി ഇല്ലാരുന്നു എനിക്ക് ....എങ്ങനെ വികൃതി കാട്ടാനാണ് ...അന്നെ മടിച്ചി പാറുവാ ഞാന്‍ ...ഒരു  മത്തങ്ങാ പോലെ ...ഉരുണ്ട്.....വികൃതി ഒപ്പിച്ചു ഇടയ്ക്കു .....കപ്പലണ്ടി മൂക്കില്‍ കേറ്റി ഒരിക്കല്‍ ...ഭാഗ്യം ,അമ്മ അത് കണ്ടു അപ്പോളെ മാറ്റി ....ഒരു തവണ വെള്ളം നിറച്ച ടാങ്കില്‍ മുങ്ങി ....ചത്തില്ല ...അന്നും രക്ഷപെട്ടു ......പക്ഷെ എന്നെ തടഞ്ഞു നിര്‍ത്തുന്നത്  അമ്മ പറഞ്ഞു തരുന്ന കഥകളാണ് ...കണ്ണന്‍റെ  കഥകള്‍ .....ഒരിക്കല്‍ അമ്മ പറഞ്ഞു ....യശോദ കണ്ണന്‍റെ ഒരു കയ്യില്‍ വെണ്ണ കൊടുക്കുമ്പോ ആളു പറയും മറ്റേ കൈ കരയുന്നു എന്ന് ..ഇപ്പുറത്തെ കയ്യില്‍ കൊടുത്താല്‍ മറ്റേതു കഴിച്ചിട്ട് ആ കൈ കരയുന്നു എന്ന് ....വെണ്ണ തൊണ്ടയില്‍ കുടുങ്ങിയത്തിനു പാല് വേണമെന്ന് പറയുന്നു .....ആകെ പാടെ ഇന്ദൂട്ടിക്കു കഥ അങ്ങ് ഇഷ്ടപ്പെട്ടു ..അടുത്ത തവണ  അമ്മാത്ത് ചെന്നപ്പോള്‍ മുത്തശ്ശി തൈര് കടയുന്നു ...എനിക്ക് വെണ്ണ ഇഷ്ടമാണ് ...എന്‍റെ  ഒരു കയ്യില്‍ വെണ്ണ തന്നപ്പോള്‍ ഞാന്‍ നമ്മുടെ മറ്റേ ഡയലോഗ് അങ്ങ് കാച്ചി .......ഈ കയ്യ് കരയുന്നു എന്ന് ....ഭാഗ്യം ...മുത്തശ്ശിക്ക് കഥ അറിയാം ....പിന്നെന്താ ഇപ്പോളും അമ്മാത്ത് നാല് പേര് കൂടുമ്പോ പറഞ്ഞു ചിരിക്കാന്‍ ഞാന്‍ ഒരു കാരണം ഉണ്ടാകിയില്ലേ .....അന്നും ഇന്നും നമുക്ക് അതു അത്ര രസിക്കാറില്ല....എന്നാലും മിണ്ടാതിരിക്കും .....പാവം ഞാന്‍ ..ഇടയ്ക്കു അമ്മേടെ വക ഡയലോഗ് കേള്‍ക്കാം ...എന്നെ വളര്‍ത്തിയതിന്റെ  ആ ഒരു ക്ഷമാ ശാസ്ത്രം .......

Wednesday, March 14, 2012

മഴ

ഏറെ കാത്തിരുന്നിട്ടാണ് ഇന്നലെ ഒരു മഴ പെയ്തത് ..വേനലിന്‍റെ തുടക്കം അതി ഗംഭീരം ....ഇപ്പോള്‍  തന്നെ ചൂട് സഹിക്കാന്‍  പറ്റുന്നില്ല....ഒരു മഴ  പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട്  കുറച്ചു ദിവസമായിരുന്നു ...വൈകുന്നേരത്തിന്‍റെ ആകാശം കാര്‍മേഘം കൊണ്ട് മൂടപ്പെട്ടിരുന്നു ..കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ (അമ്മ ,മുത്തശ്ശി ,ചില അയല്‍പക്കക്കാര്‍ )നിന്നും മഴമേഘങ്ങള്‍ പെയ്യാതെ പറ്റിക്കും  എന്ന അറിയിപ്പുകള്‍ ഇടവിടാതെ കിട്ടിക്കൊണ്ടിരുന്നു .......വൈകിട്ട് മഴ പെയ്തേക്കും എന്ന് കരുതി,ഊഹും ....പെയ്തില്ല ...അല്പസ്വല്‍പ്പം ജോലി കഴിഞ്ഞു കുളിക്കാന്‍ കേറി ....അപ്പോള്‍ അവള്‍ മുറ്റത്തെത്തിയിരുന്നു .......ആദ്യം ആ കൊലുസ്സുകള്‍ മെല്ലെ കൊഞ്ചി തുടങ്ങിയിരുന്നു ...ഇത്തിരി കഴിഞ്ഞപ്പോള്‍ നൃത്തം ശക്തമായി ...ജനാലയിലുടെ അവളുടെ ആദ്യസ്പര്‍ശം....ഇരുട്ടില്‍ അവള്‍ എന്നെ കളിയാക്കി ചിരിക്കുന്നു ....എന്തിന്?പകലായിരുന്നെങ്കില്‍ ഞാന്‍ അവള്‍ക്കരികില്‍ ചെല്ലുമായിരുന്നല്ലോ .പുതുമണ്ണിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം .....അങ്ങകലെ നിന്നും കിളികളുടെ ശബ്ദം ...അമ്പലത്തില്‍ നിന്നും  മഴയത്ത് കയറി വന്ന അച്ഛന്‍ അവളെ വഴക്ക് പറയുന്നു ...ഇപ്പോളത്തെ വരവ് ഒട്ടും മണ്ണിനെ  തണുപ്പിക്കില്ല എന്നാണു പറയുന്നത് ....ഞാന്‍  മാത്രം അവളെ നോക്കി  നിന്നു....ഒരു കുസൃതിച്ചിരിയോടെ അവള്‍ കളി തുടര്‍ന്നു...കാഴ്ച്ചക്കാരിയായി ഞാനും ...രാവില്‍ എപ്പോളോ ഉറക്കം വന്നിട്ട് ഞാന്‍ കിടന്നു ...അവളുടെ തണുത്ത സ്പര്‍ശം മെല്ലെ  അന്തരീക്ഷത്തില്‍ നിറഞ്ഞു തുടങ്ങിയിരുന്നു .....പുതച്ചു മൂടി രാവിന്‍റെ മടിയില്‍ ഉറങ്ങി .....രാവിലെ തെല്ലൊരു ആലസ്യത്തോടെ ഉണര്‍ന്നു  വന്നപ്പോളേ ക്കും അവള്‍ തിരികെ പോയിരുന്നു ...എന്‍റെ വേനല്‍ മഴ ............

Sunday, March 11, 2012

                                                                വിദ്യാരംഭം 
ഇതാ ഇവിടെ ഞാന്‍ തുടക്കം  കുറിക്കുന്നു ..എത്രത്തോളം ഭംഗിയായി ചെയ്യാന്‍ കഴിയും എന്നറിയില്ല ,എങ്കിലും ഒരു ചെറിയ  ശ്രമം നടത്തും ....ഹരി ശ്രീ :ഗണ:പതയെ  നമ :.........