Saturday, June 2, 2012

പാപത്തറ വായിക്കുമ്പോള്‍

സ്വപ്‌നങ്ങള്‍ പലപ്പോഴും എന്നെ തേടിയെത്തുന്നു ...ഉറക്കത്തിന്‍റെയും ഉണര്‍വിന്‍റെയും ഇടക്കുള്ള നിമിഷങ്ങളില്‍ ....ചിലപ്പോള്‍ ഭയപ്പെടുത്തുന്നു,മറ്റു ചിലപ്പോള്‍ നല്ല ഓര്‍മ്മകള്‍ തരുന്നു ...അങ്ങനെ സ്വപ്നം കണ്ടുണര്‍ന്ന  ഒരു രാവില്‍ ....എന്തെങ്കിലും വായിക്കാം എന്ന് കരുതി ..കിട്ടിയത് മലയാളം പാഠപുസ്തകം ,ഗദ്യ സാഹിതി ...അതില്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒരു കഥയുണ്ട് ...സാറ ജോസഫ്‌ എഴുതിയ 'പാപത്തറ"..വായിക്കുന്തോറും മനസ്സിലെ വിങ്ങലുകള്‍ അടക്കാനാവാതെ വരും ..സമീപ കാലങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭീകരാനുഭവങ്ങളുടെ ഒരു നേര്‍കാഴ്ച ..

                                                                             "ഉഷ്ണത്തിര തള്ളുന്നൊരു പാലക്കാടന്‍ കാറ്റില്‍ ,മഞ്ഞരളിക്കാടുകള്‍ മുടിയഴിച്ചിട്ടാടിയപ്പോള്‍ ,അടിവയറ്റില്‍ ഒരു സ്വപ്നം പോലുടഞ്ഞു തകര്‍ന്ന്, ലക്ഷ്മിക്കുട്ടിക്കു പേറ്റുനോവ് ആരംഭിക്കുന്നു "....കഥ ഇങ്ങനെ തുടങ്ങുന്നു ...ദാരിദ്ര്യം നിറഞ്ഞ ജീവിതം ....പെണ്‍കുട്ടി ഉണ്ടായാല്‍ ശാപം പോലെ കാണുന്ന ആള്‍ക്കാര്‍ ...ലക്ഷ്മിക്കുട്ടി  ഒരു ദു:ഖമാണ് ...പെണ്‍കുഞ്ഞിനെ പ്രസവിച്ചിട്ട് വളര്‍ത്താന്‍ ആവാത്ത നിസ്സഹായത ....അങ്ങനെയുള്ള അമ്മമാരുടെ പ്രതിബിംബം ....ഭര്‍ത്താവും അയാളുടെ അമ്മയും പ്രസവം എടുക്കാന്‍ വരുന്ന സ്ത്രീയും പെണ്‍കുഞ്ഞുങ്ങളെ കൊല്ലാന്‍ മടിക്കാത്തവര്‍ ആകുന്നു ...ഇനിയത്തെ കുഞ്ഞിനെയെങ്കിലും അവള്‍ വളര്‍ത്തിക്കോട്ടെ എന്ന അഭിപ്രായത്തിനു ലക്ഷ്മിക്കുട്ടി യുടെ  അമ്മായി അമ്മക്ക് മറു ചോദ്യമുണ്ട് -കേട്ടിക്കാനുള്ള സ്ത്രീധനം ആരു തരും എന്നചോദ്യം ...
                                                                                                  പെണ്ണിനെ പ്രസവിക്കുന്നത് പെണ്ണിന്‍റെ മാത്രം തെറ്റാകുന്നു ...പട്ടണത്തിലെ പഠിപ്പുള്ള ഡോക്ടര്‍ പറഞ്ഞത്  കുറ്റം ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവിന്‍റെ മാത്രമാണെന്നാണ് ....പക്ഷെ ലക്ഷ്മിക്കുട്ടി ഗര്‍ഭിണിയാവുമ്പോള്‍ കൊച്ചുനാരയണന്‍റെ  അമ്മ അവളെ "പെണ്ണ് പെറണ കൊടിച്ചി "എന്ന് വിശേഷിപ്പിക്കുന്നു ....ആഭിചാരം ചെയ്യുന്നു ,കുട്ടി ആണാവാന്‍...ഈറ്റില്ലം  തടവറയാണ് അവള്‍ക്ക്...ഭര്‍ത്താവ് കംസനാകുന്നു ...അവളും പ്രാര്‍ഥിക്കുന്നു -കുറുമ്പ ഭഗവതിയോടു -കുഞ്ഞ് ആണാവാന്‍ ,അവള്‍ക്ക് കുഞ്ഞിനെ വേണം ..പ്രസവം എടുക്കാന്‍ വന്ന മുത്തുവേടത്തി പെണ്‍കുഞ്ഞാണെങ്കില്‍ കൊല്ലാന്‍ സഹായിക്കും ...ലക്ഷ്മിക്കുട്ടിയെ പേറ്റ് നോവിലേക്ക് നയിക്കുന്ന അവരുടെ ഉള്ളില്‍ ദയ ഇല്ല .ഉണ്ടാവുന്ന കുഞ്ഞ് പെണ്‍കുട്ടി ആണെങ്കില്‍  മരുന്നരച്ചു കൊടുക്കും ,വിഷമരുന്ന് ,ഇല്ലെങ്കില്‍ അമ്മയുടെ മുലക്കണ്ണ്‍ വിഷം തേച്ചതാക്കും ...കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് പാലൂട്ടുമ്പോള്‍ കുഞ്ഞി വായില്‍ നിന്നും ചോരയും പതയും ...മരിച്ച കുഞ്ഞിനെ മടിയില്‍ പേറുന്നവള്‍ ലക്ഷ്മിക്കുട്ടി ആവുന്നു ...
                    കഥയിലെ ഓരോ വരിയും മനസ്സില്‍ പതിയും ...എന്തിനു ഇങ്ങനെയൊരു വിവേചനം നമ്മുടെ നാട്ടില്‍ ,എന്തെ ഇത്ര ക്രൂരത ...പെണ്ണെന്നു പറയുന്നത് ഒരു കളിപ്പാവ മാത്രമാണോ ?തോന്നിയ പോലെ കൈകാര്യം ചെയ്യാന്‍?കഥയിലെ അവസ്ഥക്ക് ഇന്നും വലിയ മാറ്റം വന്നിട്ടില്ലല്ലോ?ലക്ഷ്മിക്കുട്ടിയുടെ അനിയത്തി തത്ത മരിച്ചതും സ്ത്രീധനത്തിന്‍റെ പ്രശ്നങ്ങള്‍ മൂലമാണ് ....ലക്ഷ്മിക്കുട്ടിയോട് പ്രസവം എടുക്കാന്‍ വന്ന സ്ത്രീ  പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്-ഇന്നും മുതിര്‍ന്ന സ്ത്രീകള്‍ പെണ്‍കുട്ടികളോട് പറയാറുള്ളത്‌ -"പെണ്ണായിപ്പെറന്നാല്‍ ദൊന്നും കൂടാണ്ട കഴിയില്ല്യാ ലച്മി പെണ്ണേയ്"....പെണ്ണ് സര്‍വംസഹയാകണം എന്നാണല്ലോ പറഞ്ഞു പഠിപ്പിക്കുന്നത് ...ഒപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരു നിര്‍വചനം കൂടിയുണ്ട് ,മറ്റുള്ളവരുടെ ഇഷ്ടങ്ങല്‍ക്കനുസരിച്ചു ,ആ താളത്തിന് അനുസരിച്ച് ജീവിക്കണം ,സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറക്കണം .....കുഞ്ഞുങ്ങള്‍ പലപ്പോഴായി കൊല്ലപ്പെട്ട അമ്മയുടെ അവസ്ഥ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി ഇങ്ങനെ വിവരിക്കുന്നു ..."ഓണ നിലാവുകളൊക്കെ കറുത്ത് പതയുന്ന ചോരക്കടലായി തുളുമ്പുന്നു .ചോരക്കടല്‍ തിരയടിക്കുമ്പോള്‍ തല തകര്‍ന്നു കുഞ്ഞുങ്ങള്‍ ഒഴുകി വരുന്നു ...തുടുത്ത കുഞ്ഞിതുടകള്‍ക്കിടയിലെ പൊന്നാലില പോലെ പെണ്ണത്തം പേറുന്ന കുഞ്ഞുങ്ങള്‍ ...ലക്ഷ്മിക്കുട്ടി വാരിയെടുക്കുമ്പോള്‍ ,തുടുത്ത കുഞ്ഞിതുടകള്‍ക്കിടയിലെ പൊന്നാലിലകളില്‍ നൂറു നൂറ് മുത്തമിടുമ്പോള്‍....കൈവിരലുകള്‍ക്കിടയിലൂടെ തണുത്ത ചോരക്കട്ടകളായി അലിഞ്ഞൂര്‍ന്നു പോവുന്നു ...."പെണ്‍കുഞ്ഞിനെ തീര്‍ത്തും അവഗണിക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു ...എങ്ങനെയെങ്കിലും ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തിയാല്‍ അവള്‍ക്കു ചുറ്റും കഴുകന്‍ നോട്ടങ്ങള്‍ കാണും ..കൗമാരകാലത്തിന്‍റെ മായാജാലങ്ങള്‍ തുടങ്ങുമ്പോള്‍ ,കാലത്തിന്‍റെ ചുവപ്പ് രാശി പെണ്ണുടലില്‍ പടര്‍ന്നു അവളെ മുതിര്‍ന്ന പെണ്ണായി ചിത്രീകരിക്കുമ്പോള്‍ മുതല്‍ നിയന്ത്രണം കൂടും ...ഇന്നത്തെ കാലത്ത് പക്ഷെ അങ്ങനെ പോരാ.അമ്മയുടെ ഗര്‍ഭ ജലത്തിന്‍റെ ഇളം ചൂടില്‍ നിന്നും പുറത്തേക്കു വരുമ്പോള്‍ മുതല്‍  അവളെ പറഞ്ഞു പഠിപ്പിക്കണം ,സ്വയം കാത്തു കൊള്ളാന്‍....ചിലപ്പോള്‍ സഹപാഠികളില്‍ നിന്ന്,അയല്‍ക്കാരില്‍ നിന്ന് ,അന്യരായ ആള്‍ക്കാരില്‍ നിന്ന് ,ഇനിയും ചിലപ്പോള്‍ ജന്മം നല്‍കിയവന്‍റെ,സഹോദരന്‍റെ ഒക്കെ നോട്ടങ്ങളില്‍ നിന്ന് ,കൈകളില്‍ നിന്ന്, പെണ്ണത്തം പേറുന്ന സ്വശരീരം കാക്കുവാന്‍ അവളെ പഠിപ്പിക്കണം ...ഭ്രൂണ ഹത്യ ഇന്നും തുടരുന്നില്ലേ ?പെണ്‍കുഞ്ഞുങ്ങളെ ഇന്നും കൊല്ലുന്നില്ലേ ?ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ,അടിമയെ പോലെ ജോലികള്‍ ചെയ്തു തരാനുള്ള ,തോന്നും പോലെ ഉപയോഗിച്ച് വലിച്ചെറിയാന്‍ മാത്രമാണോ സ്ത്രീ ,അവള്‍ ഒരു ബിംബം ,അല്ലെങ്കില്‍ പാവ അല്ലല്ലോ ,ജീവന്‍റെ തുടിപ്പ് അവളിലുമില്ലേ ?
                                    അടുത്ത കാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്ത- "അച്ഛന്‍ മകളെ നിലത്തടിച്ചു കൊന്നു"...കംസന്മാര്‍ ഇന്നും ജീവിക്കുന്നു ...മൃത്യുഞ്ജയം കൈവരിച്ച പിശാചുക്കള്‍ ....കുഞ്ഞിനെ കൊല്ലുന്ന ഭര്‍ത്താവിനെ ഓര്‍ത്തു ലക്ഷ്മിക്കുട്ടി പറയുന്ന വാക്കുകള്‍ -"ഇനിയത്തെ പ്രാവശ്യം കുഞ്ഞി തലച്ചോറ് കൊണ്ട് ഉപ്പേരിയുണ്ടാക്കി തീറ്റിക്കും,കൊന്നാല്‍ പാപം തിന്നാല്‍ തീരുമല്ലോ "....അമ്മയുടെ ഇടനെഞ്ച് തകര്‍ത്തു വരുന്ന വാക്കുകള്‍ ....മനസ്സില്‍ ചലനം തീര്‍ക്കുന്നു ....ഈറ്റില്ലത്തില്‍ കിടന്നു അവള്‍ നിലവിളിക്കുന്നത് പേറ്റുനോവ് സഹിക്കാന്‍ പറ്റാഞ്ഞിട്ടല്ല,നട്ടെല്ലില്‍ കൂടി പായുന്ന വേദന സഹിക്കും ,പക്ഷെ കുഞ്ഞിനെ നഷ്ടമാകുന്ന വേദന -എങ്ങനെ സഹിക്കും?

         ലക്ഷ്മിക്കുട്ടി പേറ്റിച്ചിയോട് അപേക്ഷിക്കുന്ന വാക്കുകള്‍ എല്ലാ പെണ്കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് -അവരുടെ അമ്മമാര്‍ക്ക് വേണ്ടിയാണ് -"എനിക്കീറ്റ്‌ നോവില്ല ,എന്‍റെ മകളെ ഒളിപ്പിച്ചു കടത്ത്വോ?നിലവറയുടെ വാതില്‍ തകര്‍ത്തു കംസന്‍ എത്തും മുന്‍പ് ,അടുത്ത ഉഷ്ണക്കാറ്റില്‍ മഞ്ഞരളി കാടുകള്‍ ഒന്നായി ഇളകിയാടി തിമിര്‍ക്കും മുന്‍പ്‌ ,ആഭിചാരത്തിന്‍റെ പരുത്ത കൈപ്പത്തിയുമായി കൊച്ചു നാരായണന്‍റെ  അമ്മ പറന്നെത്തും മുന്‍പ്‌ ,ഒരു കൊട്ടയിലാക്കി ,പഴന്തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു ,മഞ്ഞരളി കാടുകള്‍ നൂന്നു കടന്ന്,ചാവ്തറക്കും പാപത്തറയ്ക്കും അപ്പുറം വഴി മാറി തരാത്ത പുഴ മുറിച്ചു നീന്തി ,നരിമാന്‍ കുന്നും പുലിമടയും കയറിയിറങ്ങി ......അക്കരെയക്കരെ..... പെണ്ണു പൂക്കണ നാട്ടില്‍ എത്തിച്ചു തര്വോ ?ഈ താലീം മാലേം പൊട്ടിച്ചു തരാം "......ഇവിടെ വായനയുടെ നവ്യാനുഭവം തീരുന്നു ...പക്ഷെ അതിനു ശേഷവും മനസ്സിലെ വിങ്ങല്‍ ബാക്കിയാവുന്നു ....പെണ്‍കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്ന കൈകളില്‍ വാത്സല്യം പടരാതെ മറ്റേതോ ഭാവം പേറുന്ന പിശാചുക്കള്‍ ....കണ്ണുകളില്‍ വാത്സല്യത്തിന്‍റെ നറും നിലാവിന് പകരം മറ്റെന്തൊക്കെയോ ....അച്ഛന്‍റെയും ഏട്ടന്മാരുടെയും കരവലയം ചിലപ്പോള്‍ വാത്സല്യത്തിന്റെ അതിര് കടന്ന് കൊലക്കയര്‍ ആവുന്നു ....അമ്മമാര്‍ മുലപ്പാലിനൊപ്പം പകര്‍ന്നു കൊടുക്കേണ്ട പാഠങ്ങളില്‍ പുതുതായി പലതും ചേര്‍ക്കേണ്ടതുണ്ട് ....സ്വയം സൂക്ഷിക്കുക ,നിന്‍റെ പെണ്ണത്തം നിന്‍റെ ശത്രുവായി മാറും ചിലപ്പോള്‍ ,കരുതിയിരിക്കുക ...

                           ഇങ്ങനെ അപേക്ഷിക്കാം ,പെണ്‍കുഞ്ഞിനു വേണ്ടി ,അവളെ നശിപ്പിക്കുന്ന ക്രൂരതയോട് ......അക്കരെയക്കരെ പെണ്ണ് പൂക്കണ നാട്ടില്‍ എത്തിച്ചു തര്വോ?
                   .
                   . 
                   .
 ഈ താലീം ,മാലേം 
 പൊട്ടിച്ചു തരാം .........................


11 comments:

 1. വായിച്ചു... മറുപടി എഴുതാൽ അൽപംകൂടി സമയം വേണം. വീണ്ടും വരാം.

  ReplyDelete
 2. പഠിക്കാനും എഴുതാനും എന്നെ പ്രേരിപ്പിച്ച ഈ പോസ്റ്റിന്‌ പ്രത്യേകം ആശംസകൾ... :)
  ------------------
  സ്ത്രീധനം എന്നത് മനുഷ്യനിർമ്മിതമായ ഒരു വ്യവസ്ഥിതിയാണ്‌. അതുകൊണ്ട് അതാർക്കും ഉള്ളിൽ തട്ടുന്ന വിഷയമല്ല. ഉള്ള വിവരങ്ങൾചേർത്ത് അഭിപ്രായം പറയാം. എന്നാൽ ലേഖനത്തിൽ ഉൾക്കൊണ്ടിരിക്കുന്ന മറ്റുകാര്യങ്ങൾ അങ്ങനെയല്ല. അതുകൊണ്ട് അവ പ്രത്യേക ശ്രദ്ധയോടെ എഴുതണം. എവിടെ തുടങ്ങണമെന്നറിയാതിരിക്കുമ്പോഴാണ്‌ സ്വാമിവിവേകാനന്ദന്റെ വരികൾ ഓർമ്മവന്നത്. അതും അവയുടെ വിശദീകരണവും ഏറെക്കുറെ കിട്ടി. ഇനി എഴുത്തിത്തയ്യാറാക്കാൻ രണ്ടുമൂന്നുദിവസം വേണ്ടിവരും.

  സ്ത്രീധനത്തെക്കുറിച്ച് മാത്രം ഇപ്പോൾ എഴുതുന്നു.
  ------------------------------
  ഭാര്യയ്ക്ക് ചെലവിനുള്ള തുക എന്നായിരിക്കും സ്ത്രീധനം എന്ന സമ്പ്രദായം എന്തിനാണെന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരത്തിന്റെ സംഗ്രഹം. മറ്റ് ഒട്ടനവധി പൊരുത്തങ്ങൾ നോക്കേണ്ടതായ ഈ സന്ദർഭത്തിൽ കടന്നുവരുന്ന ഈ സ്വത്തിന്റെ കണക്കുകൂട്ടലുകൾ കുറച്ചൊന്നുമല്ല വഴിതെറ്റിക്കുന്നത്. ഒരു ബാങ്ക് ലോൺ കിട്ടാതെ പ്രതിസന്ധിയിൽ നിൽക്കുന്ന അവസരം, കുറച്ച് പണം കൂടിക്കിട്ടിയാൽ ബിസിനസ് വിപുലീകരിക്കാം എന്ന അവസ്ഥ, ഇങ്ങനെയെല്ലാമുള്ള സന്ദർഭത്തിൽ പല പുരുഷന്മാരും വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. നടപ്പാക്കുന്നു. പണത്തിനുള്ള പരിഗണനയിൽ മറ്റുകാര്യങ്ങൾ അവഗണിച്ചുപോകുന്നതിനാൽ പിന്നീടുള്ള ജീവിതം അസ്വാരസ്യങ്ങൾ നിറഞ്ഞതാകുന്നു. Goldനുവേണ്ടി അയൽസംസ്ഥാനക്കാർ വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും വിവാഹം കഴിക്കാൻ മുതിരുന്നത് വാർത്തയായിരുന്നു. ഇവരാകട്ടെ ദ്രരിദ്രകുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും. സ്ത്രീധനം കൊടുത്ത് വിവാഹം നടത്തിക്കൊടുക്കുന്ന മാതാപിതാക്കളെല്ലാം മക്കളുടെ ഭാവിദുരിതത്തിലാക്കുകയാണ്‌ ചെയ്യുന്നത് എന്നേ പറയാൻ കഴിയൂ. നമ്മുടെ നാട്ടിൽ പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലും തൊഴിലിൽ ഏർപ്പെടുത്തുന്നതിലും അത്രപിന്നിലല്ല. എന്നാൽ സാമ്പത്തികം കൈകാര്യം ചെയ്യാനുള്ള അധികാരത്തിൽ അവർ വെറും കുട്ടികളെപ്പോലെയാണ്‌. അച്ഛന്റെയോ ഭർത്താവിന്റെയോ ചൊല്പടിയിലേ ആകാവൂ. മകൾക്കുവേണ്ടി എന്തെങ്കിലും കൊടുക്കണമെങ്കിൽ ഭർത്തൃവീട്ടുകാരുടെ ഇടപെടീൽ വേണമെന്ന് ആഗ്രഹിക്കുന്നു. വിവാഹംകഴിച്ച് വരുന്ന സ്ത്രീയുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടണമെന്ന് ഭർത്തൃവീട്ടുക്കാരും ആഗ്രഹിക്കുന്നു. അത് സ്ത്രീധനത്തിൽ കലാശിക്കുന്നു. ആർക്കുവേണമെങ്കിലും തൊഴിലില്ലാതാകാം. എന്നാൽ ഭർത്താവ് ഭാര്യയ്ക്ക് ചെലവിനുകൊടുക്കണമെന്ന് നിയമം അനുശാസിക്കുന്നു. അതായത് സ്ത്രീയ്ക്ക് സ്വത്ത് സമ്പാദിക്കുന്നതിനും വിനിയോഗിക്കുന്നതിനും അസൗകര്യമുണ്ട് എന്ന ധാരണ വിവിധ തലങ്ങളിൽ ഉറപ്പിക്കുന്നു. ഇതിന്‌ എന്തെങ്കിലും ഒരു മാറ്റം വരണമെങ്കിൽ പെൺകുട്ടിക്കളുടെ മാതാപിതാക്കൾ മുൻകൈയെടുക്കണം. മാതാപിതാക്കൾ തങ്ങളുടെ മകൾ എന്ന പെൺകുട്ടിയെ അല്ല, മകൾ എന്ന സ്ത്രീയെ ആണ്‌ വിവാഹം കഴിപ്പിക്കുന്നത് എന്ന നിലയിലേക്കുയരണം. ആ ഒരു പക്വതയും ഉത്തരവാദിത്വബോധവും കാര്യശേഷിയും വളർത്തിയെടുത്തിരിക്കണം. പ്രായപൂർത്തിയായെങ്കിലും സ്ത്രീകളുടെ കാര്യത്തിൽ ബാലവിവാഹം നടാക്കുന്നതുപോലെയാണ്‌ മിക്കവാറും കാര്യങ്ങൾ. ഇതും സ്ത്രീധനത്തെ ഉറപ്പിച്ചുനിർത്താൻ സഹായിക്കുന്നു. ഒരു കൂട്ടായ ഏകോപനപരമായ പ്രയത്നത്തിലൂടെയേ കാര്യങ്ങൾ നേരായവിധം ആക്കാനുമാകൂ.

  ReplyDelete
  Replies
  1. oru paadu nandi...vaayichathil santhosham,athilum ere santhosham comment kandappol...vishadamaaya abhiprayathinu nandi....kooduthalayi ariyan kazhinju abhiprayathiloode...nammude naattile penkuttikal innu iruttil thanne...oru maattom varan koottayi sremikkendi varum....subha pratheeksha kaathu vekkam...

   Delete
 3. എനിക്ക് വായനാശീലം കുറവാണ്. "പാപത്തറ" വായിച്ചിട്ടുമില്ല. പക്ഷെ ഈ ലേഖനത്തിലൂടെ പറയാന്‍ ഉദ്ദേശിച്ച വിഷയം അതീവ ഗൌരവകരമാണ്. സ്ത്രീധനത്തെയും അതിന്‍റെ പരിണിതഫലങ്ങളെയും കുറിച്ചല്ല വിവരിച്ചിരിക്കുന്നത് എന്ന് എന്‍റെ എളിയ ബുദ്ധിയില്‍ മനസിലാക്കുന്നു. പകരം പിറക്കാന്‍ പോലും അവകാശമില്ലാതെ അവഗണിക്കപ്പെടുന്ന പെണ്ണത്തത്തെ കുറിച്ചാണ്. കഴിഞ്ഞ മാസം യാതൊരു മുന്‍ധാരണയുമില്ലാതെ വെറുമൊരു ആകാംക്ഷയുടെ പുറത്ത് ഡൌണ്‍ലോഡ് ചെയ്ത സിനിമാതാരം ആമിര്‍ഖാന്‍ അവതരിപ്പിക്കുന്ന "സത്യമേവ ജയതേ" എന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പരിപാടി കാണാനിടയായി. അതിന്‍റെ ആദ്യ എപിസോഡ് ആയിരുന്നു അത്. ഞെട്ടിപ്പോയി....അതില്‍ അനുഭവസ്ഥരെയടക്കം ഉള്‍പെടുത്തി ചര്‍ച്ച ചെയ്ത വിഷയം പെണ്‍ഭ്രൂണഹത്യയെ കുറിച്ചായിരുന്നു. ഗര്‍ഭസ്ഥ ശിശു പെണ്ണാണെന്ന് അറിയുന്നതോടെ പിറവിക്ക് പോലും സാവകാശം കൊടുക്കാതെ അതിനെ കൊന്നു കളയുന്നു. ഭര്‍ത്താവിന്‍റെയും അവരുടെ വീട്ടുകാരുടെയും ഭീഷണിക്ക് വഴങ്ങി പെണ്‍ഭ്രൂണമാണെന്ന ഒറ്റ കാരണം കൊണ്ട് അഞ്ചും ആറും തവണ നിര്‍ബന്ധ ഗര്‍ഭചിദ്രതിനു വിധേയയായ ഒരു പാവം സ്ത്രീയെയും അതില്‍ കണ്ടു. അതില്‍ കാണിച്ച പഠനങ്ങളില്‍ ഇന്ത്യയില്‍ ഈ പ്രവണത പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വളരെയധികം വര്‍ധിച്ചു വരുന്നതായും മുന്‍പുണ്ടായിരുന്ന 1000 പുരുഷന് 1000 സ്ത്രീ എന്ന അനുപാതത്തില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നതായും കണ്ടെത്തി. തരിച്ചിരുന്നു പോയി. നമ്മുടെ നാട് വീണ്ടും ശിലായുഗത്തിലേക്ക് അധ:പതിക്കുകയാണോ? ഇത് പിറക്കാന്‍ പോലും ആണിന്‍റെ ഔദാര്യത്തിനു കാക്കേണ്ട പെണ്‍ഭ്രൂണങ്ങളുടെ കഥ. ഇനി പിറന്നു, വളര്‍ന്നു കഴിഞ്ഞാലോ? എത്ര കഴുകന്‍ കണ്ണുകളില്‍ നിന്നുമാണ് അവള്‍ക്കു സുരക്ഷിത സ്ഥാനം തേടി അലയേണ്ടി വരുന്നത്? സ്വന്തം വീട് പോലും ഒരു പെണ്ണിന് സുരക്ഷിതമല്ല എന്ന് ഇന്ന് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്ന് അറിയാനാവുന്നു. പുറത്ത് വരാത്ത വാര്‍ത്തകള്‍ അതിലുമേറെ വരും...ഇത് ദുഷിച്ച നമ്മുടെ നാടിന്‍റെ അവസ്ഥയാണ്. പുരോഗമിക്കുന്തോറും പ്രാകൃതമാവുന്ന മനുഷ്യര്‍ കൂടി വരുന്ന നമ്മുടെ നാടിന്‍റെ അവസ്ഥ..ഇന്ന് ആറ്‌ മണി കഴിഞ്ഞാല്‍ സ്വന്തം നാട്ടിലെങ്കിലും എത്ര സ്ത്രീകള്‍ക്ക് ധൈര്യമായി ഒറ്റയ്ക്ക് നടക്കാനാകുന്നുണ്ട്? മാന്യമായ വസ്ത്രം ധരിച്ചാല്‍ പോലും കാമത്തോടെയല്ലാതെയുള്ള എത്ര നോട്ടങ്ങളെ നേരിടാന്‍ കഴിയും? കേരളം പണ്ട് മതങ്ങളുടെ പേരില്‍ ഭ്രാന്താലയമായിരുന്നുവെങ്കില്‍ ഇന്നത്‌ മാറി കാമഭ്രാന്താലയമാണ്‌. ഒരു ജീന്‍സിട്ട് തന്‍റെ സ്വന്തം നാട്ടിലൂടെ തുറിച്ചു നോട്ടങ്ങളെ എതിരിടാതെ നടക്കാനാവില്ല എന്ന പരാതി എന്‍റെ പെണ്‍സുഹൃത്തില്‍ നിന്ന് കേട്ടിട്ടുണ്ട്. ഈയുള്ളവന്‍ ഇപ്പോള്‍ ജോലി സംബന്ധമായി ദുബായിയിലാണ്. വെറും ഒരു മാസത്തെ വിസിറ്റിങ്ങിനു ചേച്ചിയും കുട്ടികളുമെത്തി മടങ്ങിയപ്പോള്‍ ചേച്ചി പറഞ്ഞത് വീണ്ടും നാട്ടില്‍ നിന്ന് അങ്ങോട്ട്‌ വരാന്‍ തോന്നുന്നു എന്നാണ്. കാരണമായി പറഞ്ഞത് ഏതു പാതിരക്കും എനിക്കവിടെ സ്വസ്ഥമായി നടക്കാന്‍ കഴിയും എന്നതാണ്. അതൊരു സത്യമാണ്. സാക്ഷര കേരളത്തില്‍ വര്‍ധിച്ചു വരുന്ന കപട സദാചാരികളില്‍ നിന്ന് രക്ഷ നേടാന്‍ വിദേശങ്ങളിലേക്ക് പലായനം ചെയ്യുക എന്നത് പ്രായോഗികമായ കാര്യമല്ല. ഓരോ പെണ്ണിനും പിറക്കാനുള്ള അവകാശം കിട്ടണം, സുരക്ഷിതമായി വളരാനുള്ള അവകാശം കിട്ടണം, സമാധാനമായി കഴിയാനുള്ള അവകാശം കിട്ടണം. ആ ഒരു നന്മയിലേക്ക് നമ്മുടെ നാട് ഉയരാന്‍ ഉറച്ച സംഘശക്തികളുണ്ടാവട്ടെ.... അതില്‍ അണിചേരാന്‍ ഞാനുമുണ്ടാവും....

  കാലിക പ്രസക്തിയുള്ള ഒരു ലേഖനം ഒരു സാഹിത്യസൃഷ്ടിയെ മുന്‍നിര്‍ത്തി എഴുതിയതിനു കുഞ്ഞു പ്രത്യക അഭിനന്ദനം അര്‍ഹിക്കുന്നു...നല്ല നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് കുഞ്ഞുവിനെ ആശംസിച്ചു കൊണ്ട് ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ ഭാവിയില്‍ ഒരു പെണ്‍കുഞ്ഞിന്‍റെ പിതാവ് ആവാനുള്ള ഭാഗ്യമുണ്ടാവട്ടെ എനിക്ക് എന്ന ആത്മാര്‍ത്ത പ്രാര്‍ത്ഥനയുമായി നിര്‍ത്തുന്നു...

  "സത്യമേവ ജയതേ...."

  ReplyDelete
  Replies
  1. “സത്യമേവ ജയതേ”യുടെ ഈ എപ്പിസോഡ് ഞാനും കണ്ടിരുന്നു. താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.

   Delete
  2. ഇന്നും നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല ...പാപത്തറ വായിക്കുമ്പോളെല്ലാം മനസ്സില്‍ ഒരു വിങ്ങല്‍ അറിയാതെ ഉണ്ടാവും ,അതിലെ വരികള്‍ കടമെടുത്തു ഓരോ പെണ്കുഞ്ഞിനും വേണ്ടി പറയാന്‍ തോന്നും..."ഒരു കൊട്ടയിലാക്കി ,പഴന്തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു ,മഞ്ഞരളി കാടുകള്‍ നൂന്നു കടന്ന്,ചാവ്തറക്കും പാപത്തറയ്ക്കും അപ്പുറം വഴി മാറി തരാത്ത പുഴ മുറിച്ചു നീന്തി ,നരിമാന്‍ കുന്നും പുലിമടയും കയറിയിറങ്ങി ......അക്കരെയക്കരെ..... പെണ്ണു പൂക്കണ നാട്ടില്‍ എത്തിച്ചു തര്വോ ?ഈ താലീം മാലേം പൊട്ടിച്ചു തരാം "......പെണ്ണ് പൂക്കുന്ന നാട് അകലെ നിന്നും അരികില്‍ എത്തട്ടെ എന്ന് പ്രാര്‍ഥിക്കാം ...

   Delete
 4. മൃഗീയസ്വഭാവക്കാരായ പുരുഷന്മാരെപ്പറ്റിയും ചാരിത്രഹീനരായ ഭർത്താക്കന്മാരെപ്പറ്റിയും ലോകത്തെല്ലായിടത്തും ധാരാളം പറഞ്ഞുകേൾക്കാം. എന്നാൽ ഇത്രത്തോളം തന്നെ ചാരിത്രശൂന്യരായ സ്ത്രീകളും ഉണ്ടെന്നതാണ്‌ വാസ്തവം. ഇതെങ്ങനെയെന്ന് നോക്കാം. തന്റെ ഭർത്താവൊഴികെയുള്ള മറ്റെല്ലാ പുരുഷന്മാരോടും പുത്രതുല്യമോ സഹോദരതുല്യമോ പിതൃതുല്യമോ ഉള്ള മനോഭാവം പുലർത്തിപ്പോരേണ്ടതാണ്‌. പുരുഷന്മാരുടെ കാര്യത്തിലാണെങ്കിൽ തന്റെ ഭര്യയല്ലാത്ത ഏതൊരു സ്ത്രീയെയും തന്റെ അമ്മയെപ്പോലെയോ സഹോദരിയെപ്പോലെയോ പുത്രിയെപ്പോലെയോ കരുതേണ്ടതാണ്‌. എന്നാൽ അതിനുപകരം, ശരീരബോധത്തിൽ നിന്നുമുണ്ടാകുന്ന വികാരങ്ങളുടെ ഫലമായി ഉണ്ടാകുന്ന ലജ്ജയും, അത്തരം വികാരങ്ങളുമായി ബന്ധപ്പെട്ട ഭയവും അരക്ഷിതബോധവുമാണ്‌ മിക്കസ്ത്രീകളിലും കുടിയിരിക്കുന്നത്. ഇത്തരം ഭാവങ്ങളുടെ പരുഷമായ പ്രകടനം പുരുഷന്മാരിലും സംഭവിക്കുന്നു. താൻ സ്ത്രീശരീരമാണെന്ന ബോധത്തിൽ നിൽക്കുമ്പോഴാണ്‌ മുന്നിൽ നിൽക്കുന്നത് പുരുഷശരീരമാണെന്ന ചിന്ത കടന്നുവരുന്നത്. മാനസികവും വൈകാരികവുമായ തലത്തിൽ ഇത്തരം സ്ത്രീകളിലും പുരുഷന്മാരിലും പവിത്രതയോ ചാരിത്ര്യമോ ഇല്ല. മനസ്സ് ശാന്തവും പവിത്രവുമല്ലായെന്നതിന്റെ ലക്ഷണമാണ്‌ സദാചാരസംരക്ഷണത്തിന്റെ പേരിൽ സ്ത്രീപുരുഷന്മാർ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കേണ്ടിവരുന്നത്. ഇത്തരം ബാഹ്യമായ കർമ്മനിഗ്രഹം യാതൊരു ഗുണഫലവും തരില്ല. മലിനജലത്തെ കെട്ടിനിർത്തുന്നതുപോലെ അതവിടെക്കിടന്ന് കൂടുതല്ക്കൂടുതൽ ദുഷിക്കുന്നു. മാറ്റം സംഭവിക്കേണ്ടത് ഓരോരുത്തരുടെയും ഉള്ളിലാണ്‌. അതിന്‌ ഓരോരുത്തരും സ്വയം ഉദ്ധരിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന ദോഷങ്ങളിൽ നിന്നും മുക്തിനേടണം. മനഃശുദ്ധിയുണ്ടാവണം.

  ആത്മാവിന്റെ ശക്തമായ ഉപകരണമാണ്‌ ശരീരം. ജീവനും ശരീരവും ഒന്നുചർന്നിരിക്കുന്ന അവസ്ഥയാണ്‌ ജീവിതം. അതുകൊണ്ട് ശരീരവും ശരീരസംരക്ഷണവും പ്രധാനപ്പെട്ടതാണ്‌.ഓരോ ജീവിക്കും അതൊനുള്ള കടമയുണ്ട്. ഈശ്വരാംശം വഹിച്ചിരിക്കുന്ന ശിലപോലും ആരാധനായോഗ്യമായിത്തീരുന്നു. ആത്മചൈതന്യത്തെ ഉൾക്കൊള്ളുന്ന ദൃഷ്ടിഗോചരമായ ശരീരത്തെ തീർച്ചയായും മാനിക്കുക. ദേവീദേവന്മാരുടെ സ്തുതികളിൽ നമുക്കിത് കാണാം. ഇങ്ങനെയുള്ള ഉത്തമമായ ശരീരബോധമേ നമുക്ക് ഉണ്ടാകാവൂ. അതിൽ കുറഞ്ഞതൊന്നും അരുത്. വികലമോ പവിത്രമല്ലാത്തതോ ആയ ശാരീരിക-വൈകാരിക ധാരണകളെയെല്ലാം ദൂരെയെറിയുക.

  ശ്രീകൃഷ്ണന്റെ കഥയിൽ നിന്നും മനുഷ്യബന്ധങ്ങളുടെ സാരാംശത്തെക്കുറിച്ച് പലതും മനസ്സിലാക്കാനുണ്ട്. മാതൃസഹോദരനായ കംസന്റെ പെരുമായം എത്രക്രൂരമായിരുന്നു. എന്നാൽ സ്വന്തം മാതാപിതാക്കളിൽ നിന്നും അകറ്റപ്പെട്ടിട്ടും എത്ര സ്നേഹവും വാത്സല്യവും ഏറ്റുവാങ്ങിയാണ്‌ വളർന്നത്. അകാരണമായി നിങ്ങളെ കുറ്റപ്പെടുത്തുകയും ഹൃദയവേദന പരിഗണിക്കാതിരിക്കുകയും ചെയ്യുന്നവരെ കംസതുല്യം പരിഗണിക്കുക. അത്തരക്കാർ നിങ്ങളുടെ ശുഭകാംഷികളല്ല; നിങ്ങളുടെ നാശത്തിൽ സന്തോഷിക്കുന്നവരാണ്‌; ശത്രുക്കളാണ്‌.
  ഒരു വ്യക്തി ബുദ്ധിമുട്ടനുഭവിക്കുമ്പോൾ ആ വ്യക്തിയുമായി മാനസികഅടുപ്പം ഉള്ളവരോക്കെയും വിഷമത്തിലാകുന്നു. അവരിലാരും ആ വ്യക്തിയുടെ ദുഃഖമോ നാശമോ ആഗ്രഹിക്കുകയെ ഇല്ല. സധൈര്യം സസന്തോഷം മുന്നോട്ട് പോവുമ്പോഴാണ്‌ യഥാർത്ഥ മിത്രങ്ങൾ സന്തോഷിക്കുന്നത്. നിങ്ങളുടെ സാന്നിദ്ധ്യമാണ്‌ അവർക്കാവശ്യം; പേരും പെരുമയുമല്ല. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളുമെല്ലാം ശത്രുവിൽനിന്ന് മാത്രമേ വരൂ എന്നറിയുക.
  നിങ്ങൾ ദുഃഖിച്ചാൽ മിത്രങ്ങൾ ദുഃഖിക്കുകയും ശത്രുക്കൾ സന്തോഷിക്കുകയും ചെയ്യും. നിങ്ങൾ സന്തോഷിച്ചാൽ മിത്രങ്ങൾ സന്തോഷിക്കുകയും ശത്രുക്കൾ ദുഃഖിക്കുകയും ചെയ്യും.
  സജ്ജനങ്ങൾക്കുവേണ്ടി ജീവിക്കുക. ദുർജ്ജങ്ങങ്ങൾക്കുവേണ്ടി ജീവിതം ഹോമിക്കരുത്.

  "ഒരു കൊട്ടയിലാക്കി ,പഴന്തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു ,മഞ്ഞരളി കാടുകള്‍ നൂന്നു കടന്ന്,ചാവ്തറക്കും പാപത്തറയ്ക്കും അപ്പുറം വഴി മാറി തരാത്ത പുഴ മുറിച്ചു നീന്തി ,നരിമാന്‍ കുന്നും പുലിമടയും കയറിയിറങ്ങി ......അക്കരെയക്കരെ....."
  ഉണ്ണിക്കണ്ണന്റെ പലായനവും ഇതുപോലെയായിരുന്നല്ലോ...! ഇതൊക്കെ എല്ലാക്കാലത്തുമുണ്ടാകും. അവയിൽനിന്നും സംരക്ഷിക്കാനുള്ള അറിവും ഈശ്വരാധീനവും നിരന്തരം ഉണ്ടായിരിക്കുകമാത്രമാണ്‌ രക്ഷ. നിർഭയരായിരിക്കുക, മനസ്സിനെ ശാന്തവും ശുദ്ധവുമാക്കാൻ പരിശീലിക്കുക.

  ReplyDelete
 5. വളരെ ശരിയാണ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ...ബാഹ്യമായ തലത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ മാത്രമാണ് ആണും പെണ്ണും എന്ന വേര്‍തിരിവുള്ളത് ,അവിടെ ആസക്തികള്‍ ഉടലെടുക്കും ,ആത്മീയതലത്തില്‍ വേര്‍തിരിവുകള്‍ ഇല്ല ,അത് കൊണ്ട് തന്നെ സമാധാനപരമായ അന്തരീക്ഷം ...ഉണ്ണിക്കണ്ണന്റെ കഥയില്‍ സൂചിപ്പിക്കുന്ന പോലെ ഒരു കൊട്ടയിലാക്കി കൊണ്ട് കളയേണ്ട ഒന്നല്ലല്ലോ ഒരാളും ...മാറ്റങ്ങള്‍ ഉണ്ടാവാന്‍ പ്രയത്നിക്കാം ,പ്രാര്‍ഥിക്കാം ...വളരെ വിശദമായ ഒരു പഠനം നല്‍കിയതിനു വളരെ നന്ദി ....

  ReplyDelete
 6. ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ......?

  ReplyDelete
 7. പെണ്ണിനെ പ്രസവിക്കുന്നത് പെണ്ണിന്റെ മാത്രം തെറ്റാവുന്നു..
  പോസ്റ്റ് ഗംഭീരം ഇന്ദൂട്ടീ..

  ReplyDelete
 8. @ജയരാജ്‌മുരുക്കുംപുഴ &ശ്രീജിത്ത് മൂത്തേടത്ത്,വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി ....

  ReplyDelete