Monday, June 25, 2012

വേനലോര്‍മ്മകള്‍ ,മഴയോര്‍മ്മകള്‍

വേനലും മഴയും പ്രകൃതിയില്‍ മാത്രമല്ല ,മനസ്സിലും നിറയുന്നു ...
അവ  പകര്‍ന്നു തരുന്നത്  പല ഭാവങ്ങള്‍ ..നിറങ്ങള്‍...കുഞ്ഞു വേദനകളില്‍ നിന്നും വലിയ സന്തോഷങ്ങളിലേക്കുള്ള പകര്‍ന്നാട്ടം ...
വേനലിലെ വരള്‍ച്ചയില്‍ നിന്നും മഴക്കാലത്തെ പച്ചപ്പിലേക്ക് ..



  • വേനലോര്‍മ്മകള്‍ 

1) വേനല്‍ക്കാല സൂര്യന്‍ ,കുറുമ്പ് കാട്ടുന്ന
സഹോദരനെപ്പോലെയാണ് ...
പ്രഭാതങ്ങളില്‍ ,സ്നേഹത്തിന്‍റെ കൈകളാല്‍
തഴുകുന്ന സഹോദരനെപ്പോലെ-
ഇളം കിരണങ്ങളാല്‍ തൊട്ടുരുമ്മും ...
മധ്യാഹ്നസൂര്യന്‍ ,പിണങ്ങി നില്‍ക്കും സോദരനേപ്പോലെ-
തീക്ഷ്ണമായ സാമീപ്യത്താല്‍ വിഷമിപ്പിക്കും...
സായഹ്നത്തില്‍, വിഷാദം കൊണ്ടു തുടുത്ത മുഖമോടെ-
മൃദുകിരണങ്ങളാല്‍ ചുംബനം നല്‍കി
തെല്ലിട മാറി നില്‍ക്കും...
പുതുപുലരിയില്‍ വന്നു -
വീണ്ടും കുറുമ്പ് കാട്ടുവാന്‍ ...






2) വേനലോര്‍മ്മകള്‍ക്ക് വരണ്ടുപോയ  
   മണ്ണിന്‍റെ നിറമാണ്  ...
  മഴയോര്‍മ്മയുടെ പച്ചപ്പിനെ സ്നേഹിക്കുന്ന  
  മനസ്സില്‍ നിറയുന്നത്  വേനലോര്‍മ്മ  ...
  ഇലകള്‍ കൊഴിഞ്ഞ്,മേനിയില്‍ പൂപ്പല്‍ പിടിച്ച  -
  വൃക്ഷങ്ങളിലേക്ക്  ,ശിഖരങ്ങളിലേക്ക്  -
  വിഷാദപൂര്‍വ്വം നോക്കുമ്പോള്‍ 
 വേനലോര്‍മ്മകള്‍ ,കരിയില കള്‍ മണ്ണിനെയെന്നപോല്‍
 മനസ്സിനെ മൂടിവെയ്ക്കും..
  ഒരു കാറ്റുവന്നവയെ  ചലിപ്പിക്കുമ്പോള്‍ 
  സൂര്യനേത്രത്തില്‍ നിന്നൊരു തീക്കനല-
  വയില്‍ പതിക്കും ...
 കരിയിലക്കാറ്റിനു തീപിടിക്കും ... .
  


  • മഴയോര്‍മ്മകള്‍

















1) പുലരിയിലെ  ചാറ്റല്‍മഴ കൂട്ടുകാരിയെപ്പോലെ -
  കുസൃതി കാട്ടിയും ,കൊഞ്ചിയും -
 മനസ്സിനെ കീഴടക്കും ..
മഴയ്ക്ക്  ചിലപ്പോള്‍ അമ്മമനസ്സ് ...
വരണ്ട  ചുണ്ടില്‍ വീഴുന്ന മഴത്തുള്ളിക്ക് 
മുലപ്പാലിന്‍റെ  മാധുര്യം ...
ചിലപ്പോളൊക്കെ  അച്ഛനെപ്പോലെ മഴയും-
ഗൌരവ പൂര്‍വ്വം  ഒന്ന് തലോടി -
ക്കടന്നു  പോവും ...
മറ്റു  ചിലപ്പോള്‍ സോദര സ്നേഹ കുറുമ്പ് -
കണ്ണുനീര്‍  കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലെന്ന-
ഭാവത്തോടെ പെയ്തിറങ്ങി മിഴിനീര്‍ തുടച്ചു നീക്കും ..
പരിഭവത്തോടെ  മാറി നിന്നാലും തൂവാനക്കൈകളാല്‍
ചേര്‍ത്ത്  പിടിക്കും ......








2) മഴനൂലില്‍ കൊരുത്ത പുലര്‍വെയില്‍ മുത്തുകള്‍    
   മനസ്സോടു ചേര്‍ക്കുമ്പോള്‍ -
  മഴമുകിലില്‍ കണ്ടത് 
 കൃഷ്ണരൂപം ...
 മഴപ്പാട്ടിലെങ്ങോ തെളിഞ്ഞും മറഞ്ഞും 
 വനമുരളിയിലെ ദേവഗീതം...
  അമ്മ  ചൊല്ലിത്തരും കൃഷ്ണകഥകള്‍ക്ക് 
  മഴവില്‍ വര്‍ണം....
  കണ്ണനുടച്ച പാല്‍ക്കുടങ്ങളിലെ തുള്ളികള്‍ 
   ഏറ്റുവാങ്ങി പുഴയപ്പോള്‍ 
   കൂടുതല്‍ തിളങ്ങി ..
   കൃഷ്ണകീര്‍ത്തനം കേട്ടു മയങ്ങുമ്പോള്‍ 
   മനസ്സിലും പ്രകൃതിയിലെന്ന പോലെ -
   നിര്‍ത്താതെ മഴപ്പെയ്ത്ത് ....
    

5 comments:

  1. കുഞ്ഞു...

    കവിതകള്‍ എട്ടന് അത്ര പിടിയില്ല. എന്നാലും അറിയാവുന്ന പോലെ ഏട്ടന്‍ നോക്കി ആസ്വദിച്ചിട്ടുണ്ട്.
    വേനലോര്‍മകളിലെ രണ്ടു കവിതകളും, മഴയോര്‍മ്മകളിലെ ആദ്യ കവിതയും ഇഷ്ടമായി. ഈ പറഞ്ഞ മൂന്നു കവിതകള്‍ക്കും ഒരു പ്രത്യേക ഭംഗിയുണ്ട്. സഹോദരന്‍റെ കുറുമ്പുകളെ രണ്ടിടത്ത് ഉപമിച്ചത് സന്തോഷം നല്‍കുന്നു. നാലാമത്തെ കവിതയില്‍ ഒരു വേറിട്ട ഭംഗി കാണാനായില്ല. വരികളും ഉപമയും തീര്‍ത്തും സാധാരണമായി പോയി. ആദ്യ വരികള്‍ "ബ്യുട്ടിഫുള്‍" സിനിമയിലെ "മഴനീര്‍ തുള്ളികള്‍" എന്ന പാട്ടിനെ ഓര്‍മിപ്പിക്കുന്നു.

    വേനലോര്‍മ്മകളിലെ രണ്ടാമത്തെ കവിതയിലെ വിഷാദം എട്ടനിലുമെത്തുന്നു. കരയിലകാറ്റിന് തീ പിടിക്കണ്ടായിരുന്നു. ഏട്ടനാ തീ കെടുത്തുന്നു..

    പിന്നെ പറയാനുള്ള ഒരു നിര്‍ദേശം ചിത്രങ്ങള്‍ അടുക്കി വെച്ചത് നന്നാവാനുണ്ട്. ഒരു അടുക്കും ചിട്ടയും അതിനാവാം. അത് ശ്രദ്ധിക്കുമല്ലോ കുഞ്ഞു?


    രചനകള്‍ അത് ഗദ്യമായാലും പദ്യമായാലും കുഞ്ഞുവിനു നന്നായി ചെയ്യാന്‍ കഴിയുന്നുണ്ട്. "അകത്തളം" എപ്പോഴും സജീവമാവട്ടെ.

    ഈശ്വരന്‍ കുഞ്ഞുവിനെ അനുഗ്രഹിക്കട്ടെ..

    ReplyDelete
  2. "കണ്ണുനീര്‍ കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലെന്ന-
    ഭാവത്തോടെ പെയ്തിറങ്ങി മിഴിനീര്‍ തുടച്ചു നീക്കും ..
    പരിഭവത്തോടെ മാറി നിന്നാലും തൂവാനക്കൈകളാല്‍
    ചേര്‍ത്ത് പിടിക്കും ......"


    അനിര്‍വചനീയമായ സൌന്ദര്യം ഏട്ടന്‍ ഈ വരികളില്‍ കാണുന്നു.
    നാല് കവിതകളിലും വെച്ച് ഏറ്റവും ഇഷ്ടപെട്ട വരികളാണിവ...വളരെ നന്നായിട്ടുണ്ട്....

    ReplyDelete
  3. ഈ ബ്ലോഗ് ഇവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. സർപ്പഗന്ധിയിലൂടെയാണ്‌ ഇവിടെയെത്തിയത്. പഴയബ്ലോഗ് കാണാതായപ്പോൾ വിചാരിച്ചു എഴുത്ത് ഉപേക്ഷിച്ച് പോയെന്ന്...!!!
    Unfollow ചെയ്തിട്ട് Follow ചെയ്തപ്പോഴാണ്‌ ഡാഷ്ബോർഡിലെ ലിങ്ക് ശരിയായത്. ഇപ്പോൾ പുതിയതിൽ എത്തുന്നുണ്ട്.

    ReplyDelete
  4. വേനലിനെക്കുറിച്ചും മഴയെക്കുറിച്ചുമുള്ള നിരീക്ഷണങ്ങൾ നന്നായി. മഴയോർമ്മകൾ ആസ്വാദ്യകരവും സന്തോഷകരവുമാണെന്നും വേനലോർമ്മകൾ അത്ര സുഖകരമല്ലെന്നുമാണ്‌ ഇതിൽ നിന്നും മനസ്സിലാവുന്നത്. എന്നാൽ, വേനലിലും മനോഹരചിത്രങ്ങൾ കണ്ടെത്താനാവും. ചില ഓർമ്മകൾ പരിചയപ്പെടുത്താം...

    വേനലിൽ ഒരു സുഖകരമായ അന്തരീക്ഷമുണ്ട്. വൈകുന്നേരം ആയിരിക്കണം. പൂഴിമണ്ണുള്ള നിരപ്പായ സ്ഥലങ്ങളും കടൽത്തീരവുമൊക്കെയാണ്‌ അതിന്‌ യോജിച്ചത്. കാറ്റുള്ളതും വരണ്ടതുമായ കാലാവസ്ഥ. ഇളംകാറ്റും മഞ്ഞവെയിലും തെളിഞ്ഞ ആകാശവും. ഇലകളില്ലാതെ നിൽക്കുന്ന മരങ്ങൾക്കുപോലും ഭംഗിയുണ്ട്. ചക്രവാളത്തിൽ മേഘങ്ങൾ വിവിധവർണ്ണങ്ങളിൽ കൂടിനില്ക്കുന്നത് അതിമനോഹരമായ കാഴ്ച. കാക്കളും പക്ഷികളും കൂട്ടമായും ഒറ്റയ്ക്കും പറക്കുന്നതുകാണാം
    ... അങ്ങനെ വേനൽക്കാല പ്രകൃതിക്കും സുന്ദരമായ ഒരു രൂപമുണ്ട്.

    ReplyDelete
  5. "പുലരിയിലെ ചാറ്റൽമഴ കൂട്ടുകാരിയെപ്പോലെ...."
    നന്നായി. ആശംസകൾ.

    ReplyDelete